Cyberlokam

ഓണ്‍ലൈനില്‍ ഇഞ്ചി കടിച്ച കിച്ചു

ഇഞ്ചി കടിച്ച കുരങ്ങന്റെ അവസ്ഥയാണ് ഇപ്പോള്‍ 9-ാം ക്ലാസ്സില്‍ പഠിക്കുന്ന കിച്ചുവിന്. മിനിറ്റിന് മിനിറ്റിനാണ് കിച്ചുവിന്റെ ഫോണിലേക്ക് ഫ്രണ്ട്‌സിന്റെ ചീത്തവിളികള്‍ വരുന്നത്. മൊബൈലില്‍ വന്ന ഒരു ഫ്രണ്ട് റിക്വസ്റ്റ് ഇങ്ങനെ ഒരു പൊല്ലാപ്പുണ്ടാക്കുമെന്ന് കിച്ചു സ്വപ്‌നത്തില്‍ പോലും കരുതിയില്ല. കിച്ചു പരാതി കൊടുക്കാന്‍ പോലീസ് സ്‌റ്റേഷനിലേക്ക് പോവുകയാണ്. അപ്പോള്‍ നമുക്ക് കഥയിലേക്ക് കടക്കാം.

പഠനം ഓണ്‍ലൈനില്‍ ആയപ്പോള്‍ കിച്ചുവിന് ഫിസിക്‌സ്, കെമിസ്ട്രി, മാത്ത്‌സ് ക്ലാസ്സുകള്‍ ഫോളോ ചെയ്യാന്‍ അല്‍പം ബുദ്ധിമുട്ട്. മൂന്നും ടഫായതിനാല്‍ ഫെയിസ്ബുക്കില്‍ ഒന്ന് സെര്‍ച്ച് ചെയ്യാന്‍ കിച്ചു തീരുമാനിച്ചു.
അധികം താമസിച്ചില്ല, കിച്ചുവിന്റെ ഫെയിസ്ബുക്ക് പേജില്‍ മിനിടീച്ചറിന്റെ ഫ്രണ്ട് റിക്വസ്റ്റ് വന്നു. പേരില്‍ ടീച്ചര്‍ എന്നൊരു പദം, പ്രൊഫൈലില്‍ സംശയിക്കപ്പെടാന്‍ ഒന്നും ഉണ്ടായിരുന്നുമില്ല. ഫിസിക്‌സ്. കെമിസ്ട്രി, മാത്ത്‌സ് വിഷയങ്ങളില്‍ +2 വരെ ഏത് സംശയത്തിനും മെസഞ്ചറില്‍ സന്ദേശമയക്കാന്‍ കവര്‍ ഫോട്ടോയില്‍ തന്നെ വ്യക്തമാക്കിയിരുന്നു. തുടര്‍ദിനങ്ങളില്‍ കിച്ചു തന്റെ സംശയങ്ങള്‍ മെസഞ്ചറില്‍ അയച്ചു. നല്ല മണി മണി പോലെ ഉത്തരങ്ങള്‍, ഒപ്പം അതെല്ലാം പ്രൂവ് ചെയ്യുന്ന വീഡിയോകളും.

കുറച്ച് ദിവസം കൊണ്ട് കിച്ചുവിന്റെ ഒട്ടനവധി ഫ്രണ്ട്‌സ് മിനി ടീച്ചറിന്റെ ഫെയ്‌സ്ബുക്ക് പേജ് ലൈക്ക് ചെയ്തു. പോസിറ്റീവ് കമന്റുകള്‍ പേജില്‍ ഹൈലൈറ്റ് ചെയ്ത് പോസ്റ്റ് ചെയ്തിരുന്നു. അധികം താമസിയാതെ എല്ലാവര്‍ക്കും ഒരു മെസേജ് ലഭിച്ചു. മിനി ടീച്ചര്‍ ഓണ്‍ലൈന്‍ ട്യൂഷന്‍ തുടങ്ങുന്നു. ഒരു വര്‍ഷത്തേക്ക് കണക്കിനും ഫിസിക്‌സിനും, കെമിസ്ട്രിയ്ക്കും കൂടി വെറും 5000 രൂപ മാത്രം ഫീ. പരമാവധി മറ്റുള്ളവരിലേക്ക് ഷെയര്‍ ചെയ്യുവാന്‍ കിച്ചുവിനോട് രഹസ്യമായി മെസേജ് ചെയ്ത് ആവശ്യപ്പെട്ടിരുന്നു. കിച്ചുവിന്റെ വാക്ക് വിശ്വസിച്ച് 100 ല്‍ പരം കുട്ടികള്‍ ട്യൂഷന് ചേരുന്നു. അക്കൗണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നു.

ട്യൂഷന്‍ തുടങ്ങാന്‍ കാത്തിരുന്ന കുട്ടികള്‍ ഫെയിസ്ബുക്ക് പേജ് ഓണ്‍ ചെയ്തപ്പോള്‍ കണ്ടത് അക്കൗണ്ട് ഡിലീറ്റായിരിക്കുന്ന കാര്യം. കുട്ടികള്‍ കിച്ചുവിന്റെ ഫോണിലേക്ക് വിളിച്ച് ചീത്ത പറയാന്‍ തുടങ്ങി. കിച്ചു പോലീസിന് കൊടുത്ത പരാതിയില്‍ ഒരു കാര്യം വ്യക്തമായി. മിനിടീച്ചര്‍ എന്ന് പേരില്‍ വ്യാജഅക്കൗണ്ടുണ്ടാക്കി പണം തട്ടിയത് എഞ്ചിനീയറിംഗ് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച അശ്വിന്‍. മറ്റുള്ളവരുടെ പേരില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി പണം തട്ടുന്നതില്‍ വിരുതനായ അശ്വിന്‍ വന്നത് തൃശൂരിലെ ഒരു മിനിടീച്ചറിന്റെ വേഷത്തില്‍. ആദ്യ ഇരയായി കിട്ടിയതാകട്ടെ നമ്മുടെ ഒന്‍പതാം ക്ലാസ്സുകാരന്‍ കിച്ചുവിനേയും.