ഇത്തിരിപ്പോന്ന മൊബൈല്‍ സ്‌ക്രീനില്‍ നോക്കി തലവേദന വന്നപ്പോഴാണ് ലാപ്‌ടോപ്പ് വാങ്ങണമെന്ന് മെറിന്‍ ശാഠ്യം പിടിച്ചത്. കഴിഞ്ഞ വര്‍ഷം മുതല്‍ പഠനം ഓണ്‍ലൈനായപ്പോഴാണ് പുസ്തകപ്പുഴു ആയിരുന്ന മെറിന്‍ മൊബൈല്‍ പിടിച്ച് കുത്തിയിരിക്കാന്‍ തുടങ്ങിയത്. അവസാനം മെറിന് മൊബൈല്‍ സമ്മാനിച്ചത് കണ്ണുമായി ബെന്ധപ്പെട്ട തലവേദന ആയിരുന്നു. ഇഎന്‍ടി ഡോക്ടറെ കാണിച്ചപ്പോള്‍ മൊബൈലില്‍ നിന്ന് ലാപ്‌ടോപ്പിലേക്ക് മാറാനായിരുന്നു വിലപ്പെട്ട നിര്‍ദ്ദേശം. അങ്ങിനെയാണ് മെറിന്റെ അച്ഛന്‍ അവള്‍ക്ക് ഇഎംഐയില്‍ ഒരു ലാപ്‌ടോപ്പ് വാങ്ങി നല്‍കിയത്. ആ തലവേദന തീര്‍ന്നു എന്ന് ആശ്വാസപ്പെട്ടിരിക്കുമ്പോഴാണ് മെറിന്‍ അടുത്ത ഡിമാന്റുമായി അച്ഛന്റെ അടുത്തെത്തിയത്. ഇപ്പോള്‍ നെറ്റ് സെക്യൂരിറ്റി സോഫ്റ്റ്‌വെയര്‍ വാങ്ങണം എന്നാണ് മെറിന്റെ ഡിമാന്റ്.
അങ്ങിനെ അച്ഛന് ഒരു പുതിയ തലവേദന കൂടി ആയി. എന്തായാലും കഥ നടന്നത് ഇങ്ങനെ
വേഗത്തില്‍ ടൈപ്പ് ചെയ്യാന്‍ ഒരു സോഫ്റ്റ് വെയര്‍ ഡൗണ്‍ലോഡ് ചെയ്യാം എന്നുദ്ദേശിച്ചാണ് മെറിന്‍ ഒരു സൈറ്റ് ഓണ്‍ ചെയ്തത്. വെബ്‌പേജില്‍ അവിടെയും ഇവിടേയുമായി ചിതറിക്കിടക്കുന്ന ഡൗണ്‍ലോഡ് ബട്ടണുകളില്‍ ക്ലിക്ക് ചെയ്തപ്പോള്‍ ഒരായിരം വെബ്‌പേജുകള്‍ സ്‌ക്രീനില്‍ നിറഞ്ഞു. മെറിന്‍ എത്ര ശ്രമിച്ചിട്ടും അത് ക്ലോസാക്കാനും കഴിഞ്ഞില്ല. മാത്രമല്ല സിസ്റ്റത്തില്‍ സേവ് ചെയ്തിരുന്ന ഫയലുകളെല്ലാം അപ്രത്യക്ഷമായി. അങ്ങിനെ ഐടി പ്രൊഫഷണലായ സീമചേച്ചിയെ വിളിച്ചപ്പോഴാണ് ഏതൊ ഹാക്കര്‍മാര്‍ അപ്‌ലോഡ് ചെയ്ത പോപ്പ് അപ്പ് ആഡിലാണ് താന്‍ ക്ലിക്ക് ചെയ്തത് എന്ന കാര്യം മെറിന്‍ അറിഞ്ഞത്. സിസ്റ്റം ഒന്ന് റീബൂട്ട് ചെയ്യാനും ഒരു ഇന്റര്‍നെറ്റ് സെക്യൂരിറ്റി സോഫ്റ്റ് വെയര്‍ വാങ്ങാനുമായിരുന്നു സീമചേച്ചിയുടെ ഉപദേശം.