മനസ്സാ വാചാ കര്‍മ്മണാ പാപം ചെയ്യരുത് എന്നാണ് മഹത് വചനം. ഒരുപാട് തെറ്റുകള്‍ അല്ല കുസൃതികള്‍ നടത്തിയിട്ടുണ്ടെങ്കിലും ഈ കുസൃതിക്ക് പിന്നില്‍ തന്റെ മനസ്സോ, അറിവോ, ശരീരമോ, ബുദ്ധിയോ ഇല്ലെന്ന് സകലമാന സാറുമ്മാരോടും സ്വന്തം
അച്ഛനോട് പോലും ഏഴ് എഴുപത് വട്ടം ആവര്‍ത്തിച്ചിട്ടും ആരും വിശ്വസിക്കുന്നില്ല. ഇപ്പോള്‍ എല്ലാദിവസവും രാവിലെ പ്രിന്‍സിപ്പലിനെ ചെന്ന് കണ്ടിട്ട് അങ്ങേരുടെ വായിലിരിക്കുന്നത് കേട്ടിട്ട് വേണം ക്ലാസ്സിലേക്ക് കയറാന്‍ എന്ന സ്ഥിതിവിശേഷം വന്നിരിക്കുന്നു. പഠിക്കാന്‍ അതിസമര്ത്ഥരില് അതിസമര്‍ത്ഥനാണ് എന്ന ഒരൊറ്റ കാരണം കൊണ്ടാണ് സ്ക്കൂളില്‍ നിന്ന് പറഞ്ഞ് വിടാത്തതെന്നാണ് പ്രിന്‍സിപ്പല്‍ ഭാഷ്യം.
തന്നേക്കാള്‍ വലിയ ഒരു കുസൃതി ഈ സ്ക്കൂളില്‍ ഒളിച്ചിരിക്കുന്നു. തന്നെപ്പോലും ഇത്രയും ആ കുഴപ്പിച്ച കളഞ്ഞ
ആ മഹാനുഭാവനെ ഒന്ന് കാണാന്‍ ആ മഹാകുസൃതിയെ നേരിട്ട് കണ്ട് ശിഷ്യത്വം സ്വീകരിക്കണമെന്ന് പോലും നമ്മുടെ കഥാനായകന് ചിന്തിച്ചു. ഇനി കഥാനായകനെ നമുക്കൊന്ന് പരിചയപ്പെടാം.
ലോക കുസൃതി മത്സരം എന്നൊരു മത്സരം ഈ ലോകത്തുണ്ടെങ്കില്‍ അതില്‍ പങ്കെടുത്ത് ഒന്നാം സ്ഥാനം നേടണം എന്നാണ് +1 സ്റ്റുഡന്റായ അനിലിന്റെ ആഗ്രഹം. തെറ്റു പറയരുതല്ലോ പഠിക്കാന്‍ അതിസമര്‍ത്ഥന്‍. പക്ഷെ യാതൊരു സൂക്ഷ്മതയോ ഉത്തരവാദിത്തബോധമോ ഇല്ല എന്നത് എടുത്തു പറയേണ്ട മറ്റൊരു സല്ഗുണം.
ടീച്ചര്‍മാരെ പോലും കുടുകുടെ ചിരിപ്പിക്കുന്ന തമാശകള്‍ ഒപ്പിക്കുന്ന ഇവനെ കയ്ച്ചിട്ട് ഇറക്കാനും വയ്യ, മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന അവസ്ഥയാണ്. അതുകൊണ്ട് മിക്കവാറും ആഴ്ച്ചകളിലും അനിലിന്റെ പപ്പയ്ക്ക് സ്ക്കൂളില്‍ വരാനുള്ള മഹാഭാഗ്യവും ലഭിക്കാറുണ്ട്.
അങ്ങിനെയിരിക്കെ ഒരു ദിവസം അനിലിനെപ്പോലും അത്ഭുതപ്പെടുത്തിക്കൊണ്ട് തന്റെ പേരില്‍ ഒരു കുസൃതിത്തരം ആ സ്ക്കൂളില്‍ നടന്നു. പക്ഷെ ഇതൊപ്പിച്ച സുകുമാരക്കുറുപ്പ് ഇന്നും പിടികിട്ടാപ്പുള്ളിയായി തുടരുന്നു. അനില്‍ ആ മാന്യദേഹത്തിനെ തന്റേതായ ഇന്‍വെസ്റ്റിഗേഷന്‍ രീതികളിലൂടെ അന്വേക്ഷിക്കുന്നുമുണ്ട്. പക്ഷെ ആ സുകുമാരക്കുറുപ്പ് ഇന്നും കാണാമറയത്ത് ഇരിക്കുകയാണ്. സംഭവം നടന്നത് ഇങ്ങനെ
ഒരു ദിവസം രാവിലെ അനിലിനെ പ്രിന്‍സിപ്പാളിന്റെ റൂമിലേക്ക് വിളിച്ചു. എന്തിനാണ് തന്നെ വിളിച്ചതെന്ന് അറിയാതെ പ്രിന്‍സിപ്പാള്‍ റൂമിലെത്തിയ അനില്‍ കണ്ടത് സ്വന്തം പപ്പയെ. പ്രിന്‍സിപ്പാള്‍ ഉറഞ്ഞ് തുള്ളുകയാണ്
‘പിന്‍സിപ്പലിന് ഏറ്റവും നല്ല നിക്ക്നെയിം നിര്‍ദ്ദേശിക്കുന്നവര്‍ക്ക് സമ്മാനം; നിങ്ങളുടെ മകന്റെ ഫേസ്ബുക്ക് പേജില്‍ നിന്നാണ് സ്ക്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത്. അതാണ് പ്രിന്‍സിപ്പാളിന്റെ പരാതി. താന്‍ നിരപരാധിയാണെന്നും ആരോ പാസ്സ്വേര്‍ഡ് മോഷ്ടിച്ചിരിക്കുന്നു എന്നൊക്കെ പറഞ്ഞിട്ടും പപ്പയും പ്രിന്‍സിപ്പാളും വിശ്വസിക്കുന്നുമില്ല. പപ്പ പ്രിന്സിപ്പാളിനോട് ക്ഷമ പറഞ്ഞ് കേസില്‍ നിന്ന് ഒരു വിധം തലയൂരി.
ഈ സംഭവത്തിന് ശേഷമാണ് തന്റെ സിംപിളായ qwetry പാസ്സ്വേര്‍ഡിന്റെ ഡ്രോബാക്ക്സ് അനില്‍ തിരിച്ചറിഞ്ഞത്. ഇനി ഈ പഴയ പാസ്സ് വേര്‍ഡ് വെച്ചുള്ള ഒരു കളിയുമില്ല. നല്ല ഒരു സ്ട്രോംഗ് പാസ്സ് വേര്‍ഡ് ഉണ്ടാക്കണം. അതിന്റെ വഴിയെ ആണ് അനില്‍ ഇപ്പോള്‍.