Cyberlokam

ആടുതോമയും അഞ്ജലിയും പിടിച്ച പുലിവാല്

ഇതുപോലെ ഒരു നല്ല കാലം വരാന്‍ ഇല്ലെന്നാണ് എട്ടാം ക്ലാസ്സുകാരന്‍ തോമസിന്റെ അഭിപ്രായം. എല്ലാവരും കഷ്ടപ്പെടുന്ന ഈ കൊറോണകാലത്ത് ഇങ്ങനെ ഒരു അഭിപ്രായം വരാനുള്ള കാരണം എന്താണെന്ന് ചോദിച്ചാല്‍; പഠനം ഓണ്‍ലൈനായപ്പോള്‍ അച്ഛന്‍ അവന് ഒരു സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങിക്കൊടുത്തു. 2020 -21 വര്‍ഷം അച്ഛന്റെ ഫോണില്‍ പഠിച്ച് ഏഴാം ക്ലാസ്സ് പാസ്സായി. എട്ടാം ക്ലാസ്സിലെത്തിയപ്പോഴേക്കും സ്മാര്‍ട്ട് ഫോണ്‍ അത്യാവശ്യമായി മാറിയിരിക്കുന്നതിനാലാണ് അച്ഛന്‍ സ്മാര്‍ട്ട് ഫോണ്‍ വാങ്ങിക്കൊടുത്തത്.
മുമ്പ് സ്മാര്‍ട്ട് ഫോണില്‍ ഒരു മിനിറ്റ് നോക്കിയാല്‍ ‘ നോക്കിയത് മതി; പോയിരുന്ന് പഠിക്ക് ‘ എന്നൊരു സ്ഥിരം പല്ലവി അമ്മയുടെ വായില്‍ നിന്ന് കേള്‍ക്കാമായിരുന്നെങ്കില്‍ ഇപ്പോള്‍ രണ്ടക്ഷരം പഠിക്കണമെങ്കില്‍ മൊബൈല്‍ ഓണ്‍ ചെയ്ത് വല്ലതും പഠിക്ക് എന്നായിരിക്കുന്നു. മൊബൈലും എടുത്ത് മുറിയില്‍ കയറിയാല്‍ ആരുടേയും ശല്യമില്ല. സ്‌ക്കൂളിലും പോകണ്ട. വാട്ട്‌സ്ആപ്പ്, ഫെയിസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, യൂ ട്യൂബ് ദേ ഇപ്പോ ക്ലബ്ബ്ഹൗസും. ‘ എനിക്കും ഉണ്ടാക്കണം ലക്ഷക്കണക്കിന് ഫോളോവേഴ്‌സ്. ‘ അതാണ് തോമസിന്റെ പരമപ്രധാനമായ ലക്ഷ്യം. അതിനുള്ള പ്രവര്‍ത്തനങ്ങളിലാണ് തോമസ്.

തോമസ് : സ്‌പെക്‌സ് വെച്ച് ആദ്യം ഒരു സെല്‍ഫി പോസ്റ്റ് ചെയ്യണം.

അധികസമയം കഴിഞ്ഞില്ല, ഫെയിസ്ബുക്കിലും മറ്റ് സോഷ്യല്‍ മീഡിയാ സൈറ്റുകളിലും തോമസിന്റെ ഫോട്ടോയ്ക്ക് താഴെ കമന്റ് വന്നു. നീ വെറും തോമയല്ല, സാക്ഷാല്‍ ആട്‌തോമയാ…ആദ്യം ഈ കമന്റ് എഴുതിയത് ഒമ്പതാം ക്ലാസ്സില്‍ പഠിക്കുന്ന അഞ്ജലിയാണെന്ന് തോമസ് മനസ്സിലാക്കി. മാത്രമല്ല അവള്‍ ഈ കമന്റ് ഒത്തിരി സുഹൃത്തുക്കള്‍ക്കും ഷെയര്‍ ചെയ്തിരിക്കുന്നു. മിനിറ്റിന് മിനിറ്റിന് വാട്ട്‌സ് ആപ്പിലും ഇന്‍സ്റ്റാഗ്രാമിലുമെല്ലാം ആട് തോമ, ആട് തോമ എന്ന കമന്റിന്റെ ബഹളം.
ആട്‌തോമ ഇപ്പോള്‍ ദു:ഖിതനാണ്. അഞ്ജലിയ്ക്ക് ഒരു എട്ടിന്റെ പണി കൊടുക്കണം. മുള്ളിനെ മുള്ള് കൊണ്ട് തന്നെ എടുക്കണം. അതെ അത് മാത്രമാണ് എട്ടാം ക്ലാസ്സുകാരന്‍ തോമസിന്റെ ചിന്ത.

കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം അഞ്ജലിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ ഷെറിന്‍ എന്ന പേരില്‍ ഒരു പെണ്‍കുട്ടിയുടെ ഫ്രണ്ട് റിക്വിസ്റ്റ് വരുന്നു. ആ പ്രൊഫൈലില്‍ about, bio, ഇതെല്ലാം ബ്ലാങ്ക് ആയിരുന്നു. ഇതൊന്നും ശ്രദ്ധിക്കാതെ വന്ന ഫ്രണ്ട് റിക്വസ്റ്റ് അഞ്ജലി അക്‌സെപ്റ്റ് ചെയ്യുന്നു. ഷെറിന്‍ മിക്കവാറും എല്ലാ ദിവസവും അഞ്ജലിയുമായി മെസഞ്ചറില്‍ ചാറ്റ് നടത്തും. അട്ടപ്പാടിയിലെ ഒരു ഓണംകേറാമൂലയിലാണ് വീടെന്നും, എട്ടിലാണ് പഠിക്കുന്നത്, അധികം സുഹൃത്തുക്കളില്ല, ഇവിടെ ഭയങ്കര ഏകാന്തതയാണ്, അധികം സുഹൃത്തുക്കളെ ഇഷ്ടവുമല്ല, ആത്മാര്‍ത്ഥ സുഹൃത്തായി ഒരാള്‍ മതിയെന്നും ഇപ്പോല്‍ ഫെയിസ്ബുക്കിലൂടെ അഞ്ജലിയെ കിട്ടിയെന്നുമൊക്കെയാണ് ഷെറിന്റെ മെസന്‍ജര്‍ ചാറ്റ്.

അധികം താമസിയാതെ ഷെറിനും അഞ്ജലിയും ആത്മാര്‍ത്ഥ സുഹൃത്തുക്കളായി. അവര്‍ ഒത്തിരി രഹസ്യങ്ങളും സ്വകാര്യങ്ങളും പങ്കുവെയ്ക്കാന്‍ തുടങ്ങി. തുടര്‍ന്ന് ഷെറിന്‍ അല്‍പസ്വല്‍പം സ്വകാര്യഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള ഫോട്ടോകള്‍ ഷെയര്‍ ചെയ്യാന്‍ തുടങ്ങി. അഞ്ജലിയും പയ്യെ ഇതേ രീതി പിന്തുടര്‍ന്നു. തങ്ങള്‍ രണ്ട് പേരും മാത്രമെ ഈ ഫോട്ടോകള്‍ കാണുന്നുള്ളൂ എന്നായിരുന്നു അഞ്ജലിയുടെ ചിന്ത. ആ ചിന്ത സത്യവുമായിരുന്നു. കാരണം അന്നുവരെ ഈ ഫോട്ടോകള്‍ അവര്‍ രണ്ട് പേരും മാത്രമെ കണ്ടിരുന്നുള്ളൂ

പെട്ടെന്ന് ഒരു ദിവസം അഞ്ജലിയുടെ മറ്റ് സുഹൃത്തുക്കളുടെ പ്രൊഫൈലിലേക്ക് കുറച്ച് ഫോട്ടോകളെത്തി; ‘ ഏയ്, ഇത് നമ്മുടെ അഞ്ജലിയല്ലേ ‘ എന്ന പേരില്‍. അല്‍പസ്വല്‍പം നഗ്നതാ പ്രദര്‍ശനമുള്ള ആ ഫോട്ടോകള്‍ വളരെ പെട്ടെന്ന് വൈറലായി. അഞ്ജലിയ്ക്ക് അവളുടെ കണ്ണുകളെ വിശ്വസിക്കാനായില്ല. താന്‍ ചതിക്കപ്പെട്ടിരിക്കുന്നു എന്ന് അഞ്ജലിയ്ക്ക് ബോദ്ധ്യമായി. ചില ആണ്‍കുട്ടികളൊക്കെ അഞ്ജലിയെ വിളിച്ച് അശ്ലീലം പറയാന്‍ തുടങ്ങി. അഞ്ജലി ആകെ തളര്‍ന്നു. വീട്ടില്‍ ആരോടും മിണ്ടാതെ മുറിയടച്ച് ഇരുന്ന് കരയാന്‍ തുടങ്ങി. അഞ്ജലി ക്ലാസ്സില്‍ ശ്രദ്ധിക്കുന്നില്ല, പഠിക്കുന്നില്ല എന്നിങ്ങനെ പരാതികള്‍ സ്‌ക്കൂളിലെ ടീച്ചേഴ്‌സില്‍ നിന്ന് വന്നു. അവരിലൊരാള്‍ അഞ്ജലിയേയും മാതാപിതാക്കളേയും സ്‌ക്കൂളിലേക്ക് വിളിപ്പിച്ചു. അഞ്ജലി എല്ലാവരുടേയും ചോദ്യം ചെയ്യലില്‍ വാ വിട്ട് പൊട്ടിക്കരഞ്ഞു. അവര്‍ എല്ലാക്കാര്യവും തുറന്ന് പറഞ്ഞു.

അഞ്ജലി     : എല്ലാവരും ഇങ്ങനെയാണെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്യും.
ടീച്ചര്‍              : നമുക്ക് പോലീസ് സൈബര്‍സെല്ലില്‍ പരാതിപ്പെടാം. ആരാണ് ഈ ഷെറിന്‍ എന്ന് അപ്പോള്‍ അറിയാം

സൈബര്‍ സെല്ലിലേക്ക് പരാതി പോകുന്നു. സൈബര്‍ സെല്‍ അന്വേക്ഷണം തുടങ്ങുന്നു. അധികം താമസിയാതെ അന്വേക്ഷണം തോമസിന്റെ വീട്ടിലേക്കെത്തുന്നു. അങ്ങിനെ തോമസ് കയ്യോടെ പിടിയ്ക്കപ്പെടുന്നു. തങ്ങള്‍ പിടിച്ചത് ഒരു പുലിവാലിലാണെന്ന് തോമസിനും അഞ്ജലിയ്ക്കും മനസ്സിലാകുന്നു.ആട് തോമയുടെ കഥയും ഷെറിന്‍ എന്ന പെണ്‍സുഹൃത്തിന്റെ ലക്ഷ്യങ്ങളുമെല്ലാം എല്ലാവരുടേയും മുന്നില്‍ വളരെ വ്യക്തമാക്കപ്പെടുന്നു. ഇത് ശിക്ഷിക്കപ്പെടേണ്ട സൈബര്‍ ക്രൈമാണെന്ന് പോലീസ് അഭിപ്രായപ്പെടുന്നു. പക്ഷെ ടീനേജ് കുട്ടികളായതിനാല്‍ രണ്ട് പേര്‍ക്കും താക്കീത് നല്‍കി മാതാപിതാക്കളുടെ ഒപ്പം പറഞ്ഞ് വിടുന്നു.

വനിതാപോലീസ്    : കുട്ടികള്‍ പഠിക്കാന്‍ തന്നെയാണോ മൊബൈല്‍ ഉപയോഗിക്കുന്നത് എന്ന് മാതാപിതാക്കള്‍ ശ്രദ്ധിക്കുക. പരമാവധി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ കുട്ടികളുടെ മൊബൈലില്‍ ഓഫാക്കുക.


കുട്ടികളെ, നിങ്ങള്‍ക്ക് നേരിട്ടറിയാത്ത ഒരാളേയും സുഹൃത്താക്കാതിരിക്കുക. സൈബര്‍ ലോകത്ത് വന്‍ തട്ടിപ്പുകളാണ് നടക്കുന്നത്. ഏതെങ്കിലും രീതിയില്‍ ചതിക്കപ്പെടാതിരിക്കാന്‍ മുതിര്‍ന്നവരുടേയോ ടീച്ചേഴ്‌സിന്റേയോ സഹായം തേടുക. സൈബര്‍ ക്രൈം എന്ന് സംശയം തോന്നുകയോ ഇര ആവുകയോ ചെയ്താല്‍ ഉടന്‍ സൈബര്‍ സെല്ലുമായി ബന്ധപ്പെടുക.

കൂടുതല്‍ വിവരങ്ങള്‍ക്ക്