Cyberlokam

ഡിന്നയുടെ വണ്ണവും, കിരണിന്റെ കമന്റും, അമ്മയുടെ വരവും.

പഠനത്തില്‍ മഹാ ഉഴപ്പനായ കിരണിന് ദിവസവും അമ്മയുടെ വക ഒരു ഉപദേശമുണ്ടാകും. ഇന്ന് കിട്ടിയ ഉപദേശം എന്താണെന്ന് അറിയാന്‍ നമുക്ക് കഥയിലേക്ക് കടക്കാം.
എട്ടില്‍ പഠിക്കുന്ന കിരണിന്റെ ക്ലാസ്സിലേക്ക് മറ്റൊരു സ്‌ക്കൂളില്‍ നിന്ന് അല്‍പം തടിച്ച ഡിന്ന എന്ന ഒരു പെണ്‍കുട്ടി പുതിയതായി വരുന്നു. പഠിക്കാന്‍ മിടുക്കിയായ അവള്‍ ചുരുങ്ങിയ ദിവസം കൊണ്ട് അദ്ധ്യാപകരുടെ ശ്രദ്ധ പിടിച്ച് പറ്റുന്നു. ഇതൊന്നും കിരണിനും കൂട്ടുകാര്‍ക്കും അത്ര പിടിയ്ക്കുന്നില്ല. തരം കിട്ടുമ്പോഴൊക്കെ ഡിന്നയെ കളിയാക്കുക എന്നതാണ് അവരുടെ പ്രധാന വിനോദം. ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി പറയാനൊന്നും ഡിന്നയ്ക്കറിയില്ല. മുഖം വീര്‍പ്പിച്ച് നടക്കുക എന്നതാണ് അവളുടെ ആകെയുള്ള പ്രതികരണം. കാര്യങ്ങള്‍ അങ്ങിനെയിരിക്കെ ഒരു ദിവസം കിരണിന്റെ സ്റ്റഡി റൂമിലേക്ക് അമ്മ ചായയുമായി വരുന്നു. വെബ് വാട്ട്‌സ് ആപ്പില്‍ മകന്റെ ചാറ്റിങ്ങ് കണ്ട് അമ്മ അസ്വസ്ഥയാകുന്നു.

ഡിന്ന; ഏത് റേഷന്‍ കടയില്‍ നിന്നാ അരി വാങ്ങുന്നത്. അതായിരുന്നു കിരണിന്റെ വാട്ട്‌സാപ്പ് ചോദ്യം. എല്ലാറ്റിലും സംശയാലുവായ അമ്മയ്ക്ക് ഡിന്നയെ സംബന്ധിച്ച് വിവരങ്ങള്‍ അറിഞ്ഞേ പറ്റൂ. കിരണ്‍ ക്ലാസ്സിലെ പുതിയ പഠിപ്പിസ്റ്റിന്റെ വിശേഷങ്ങള്‍ അമ്മയുമായി പങ്ക് വെയ്ക്കുന്നു. ‘ മോന്‍ ജനലിലൂടെ നോക്കിക്കോ വെല്ല പോലീസുകാരും വരുന്നുണ്ടോ എന്ന് പറഞ്ഞായിരുന്നു അമ്മ ദേഷ്യത്തോടെ ആ സംഭാഷണം അവസാനിപ്പിച്ചത്. ഒരു കമന്റെഴുതിയാല്‍ പോലീസ് വരെ പിടിക്കാവുന്ന ക്രിമിനല്‍ കുറ്റമാണെന്ന് അന്നാണ് കിരണ്‍ മനസ്സിലാക്കിയത്.