പോളിടെക്‌നിക്ക് കഴിഞ്ഞപ്പോഴേ മാര്‍ട്ടിന് നഗരത്തിലെ ഒരു കാര്‍ ഷോറൂമില്‍ ജോലി കിട്ടി. പ്രൈവറ്റ് ജോലി, സ്ട്രിക്റ്റ് മാനേജ്‌മെന്റ്, പണികളെല്ലാം റെക്കോര്‍ഡ് വേഗത്തില്‍ ചെയ്ത് തീര്‍ത്താലും ട്രെയിനി എന്ന് പേര്. ശമ്പളത്തിന്റെ കാര്യം പറയാനുമില്ല. കൂട്ടുകാരില്‍ പലരും ലാറ്ററല്‍ എന്‍ട്രി വഴി ബി-ടെക്കിന് കയറിയപ്പോഴും അല്‍പം സാമ്പത്തിക പ്രാരാബ്ധതയുള്ളത് കൊണ്ടാണ് മാര്‍ട്ടിന്‍ ജോലിയ്ക്ക് കയറിയത്. നല്ല ഒരു ജോലിയും കയ്യില്‍ നാല് കാശും വന്നിട്ട് തുടര്‍പഠനം നടത്തണം എന്നാണ് മാര്‍ട്ടിന്റെ പക്ഷം. അതിന് ഒരു ചിട്ടി വിളിച്ച് 30,000 രൂപയും ഇപ്പോഴേ സ്വരുക്കൂട്ടി വെച്ചിട്ടുമുണ്ട്. കൂടുതല്‍ ശമ്പളം ലക്ഷ്യം വെച്ച് ബയോഡേറ്റാ അപ്‌ലോഡ് ചെയ്യാത്ത ഓണ്‍ലൈന്‍ ജോബ്‌സൈറ്റുകളില്ല. അങ്ങിനെയിരിക്കെയാണ് അത് സംഭവിച്ചത്.
മാര്‍ട്ടിന് ടാറ്റാ ഗ്രൂപ്പില്‍ നിന്ന് മെയില്‍ വന്നിരിക്കുന്നു. ടാറ്റാ മോട്ടോഴ്‌സില്‍ ടെക്‌നീഷ്യന്‍ ജോബ്, ശമ്പളം 50,000 രൂപ. മാര്‍ട്ടിന്‍ ഉടന്‍ തന്നെ ഓണ്‍ലൈനില്‍ അപ്ലൈ ചെയ്തു. അടുത്ത ദിവസം തന്നെ രജിസ്‌ട്രേഷന്‍ ഫീയായി 35,000 രൂപ അടയ്ക്കാന്‍ ആവശ്യപ്പെട്ട് മാര്‍ട്ടിന് റിപ്ലൈ കിട്ടി.രജിസ്‌ട്രേഷന്‍ ഫീ അടയ്ക്കാന്‍ ചിട്ടി വിളിച്ച് കട്ടിയ 30,000 രൂപ തികയാത്തതിനാല്‍ സുഹൃത്തായ മാത്യൂസിനോട് 5000 രൂപ കടം വാങ്ങാന്‍ മാര്‍ട്ടിന്‍ തീരുമാനിച്ചു. ടാറ്റാ മോട്ടോഴ്‌സിലെ ജോലിയ്ക്ക് 35,000 രൂപ രജിസ്‌ട്രേഷന്‍ ഫീ അങ്ങോട്ട് ചോദിച്ചതില്‍ അസ്വാഭിവികതയുണ്ട് എന്നായി മാത്യൂസ്. ഒപ്പം ടാറ്റാ ഗ്രൂപ്പ് എന്ന പേരില്‍ ഒരു വെബ്‌സൈറ്റ് പോലുമില്ല എന്ന കാര്യം രണ്ടുപേരുടേയും ശ്രദ്ധയില്‍പെട്ടു. മാത്യൂസിന്റെ നിര്‍ദ്ദേശപ്രകാരം മാര്‍ട്ടിന്‍ പോലീസ് മാമനോട് കാര്യം പറഞ്ഞപ്പോഴാണ് ഇ മെയില്‍ സ്‌ക്കാം എന്ന പേരില്‍ അറിയപ്പെടുന്ന ഈ ചതിക്കുഴിയുടെ ആഴം മനസ്സിലായത്.